Sat. Apr 27th, 2024
തിരുവനന്തപുരം:

മുട്ടിൽ മരംകൊള്ളയിൽ സിപിഐയുടെ പ്രതികരണം ഇന്നുണ്ടായേക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തിരുവനന്തപുരത്തെത്തും. മരംമുറി കേസിൽ മുൻമന്ത്രിമാർ പ്രതികരിച്ചിരുന്നെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാക്കളാരും ഇതുവരെയും പ്രതികരിച്ചിരുന്നില്ല. മരംകൊള്ള വിവാദത്തിൽ സിപിഐ എടുത്തിരിക്കുന്ന നിലപാടെന്ത്, വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് കാനം പ്രതികരിക്കാൻ സാധ്യതയുണ്ട്.

മരംമുറി വിവാദത്തിൽ മുൻ റവന്യൂ മന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായെന്ന് ഇസ്മായിൽ പക്ഷം ആരോപിച്ചിരുന്നു. പെരിയ മരം മുറിക്കേസിൽ ആരോപണ വിധേയനായ അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മായിലിനൊപ്പം പാർട്ടി നിന്ന കാര്യമാണ് കാനം പക്ഷം ഉയർത്തിക്കാട്ടുന്നത്.

മരം മുറിക്ക് വഴിയൊരുക്കിയത് റവന്യൂ മന്ത്രിയുടെ ഓഫീസാണെന്നും ഇസ്മായിൽ പക്ഷം ആരോപിക്കുന്നുണ്ട്. പ്രകാശ് ബാബു അനുകൂലികളും ഇവർക്കൊപ്പമാണ്. ഇ ചന്ദ്രശേഖരന് നിയമസഭയുടെ പരിരക്ഷയുണ്ടെങ്കിൽ അന്ന് വനം മന്ത്രിയായിരുന്ന കെ രാജുവിന് ഇതുമില്ല.

കോടതി മുഖേന അന്വേഷണം വന്നാൽ പ്രതിരോധത്തിലാവുക സിപിഎ ആണെന്നാണ് ഇസ്മായിൽ പക്ഷം വാദിക്കുന്നത്. സിപിഐയിൽ അമർഷം പുകയുന്നുണ്ടെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യം ഇ ചന്ദ്രശേഖരന് അനുകൂലമാണ്. സംസ്ഥാന നിർവാഹക സമിതിയിൽ ഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരാണ്.

By Divya