Wed. Nov 6th, 2024
കവരത്തി:

ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍. ദ്വീപില്‍ സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബീഫ് നിരോധനത്തെ ന്യായീകരിച്ച പട്ടേല്‍, റംസാന്‍ കാരണമാണ് ലക്ഷദ്വീപില്‍ കൊവിഡ് വര്‍ദ്ധിച്ചതെന്നും പറഞ്ഞു. ഭരണപരിഷ്‌കാര നടപടികള്‍ ജനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

അതേസമയം പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ഗോ പട്ടേല്‍ ഗോ മുദ്രാവാക്യങ്ങളും ആളുകള്‍ വിളിക്കുന്നുണ്ട്.

ഇന്ന് രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

പ്രതിഷേധങ്ങളെല്ലാം വീടിനകത്തും പരിസരത്തും മാത്രമായിരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്.

അഗത്തിയില്‍ മാത്രം 25 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചുമാറ്റിയത്. ശൂചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് നിര്‍മാണം മുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.

By Divya