Wed. Jan 22nd, 2025
ടെൽ അവീവ്:

12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നഫ്റ്റാലി വിശ്വാസം നേടിയത് (59- 60) എന്നിങ്ങനെയാണ് വോട്ട് നില. മന്ത്രിസഭ ഇന്ന് തന്നെ അധികാരമേൽക്കും.

മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിർ ലാപ്പിഡും നഫ്റ്റലി ബെനറ്റും തമ്മിലുള്ള കരാർ പ്രകാരം അധികാത്തിലേറിയാൽ ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023 സെപ്റ്റംബർ വരെയാകും ബെനറ്റിന്റെ കാലവധി. അത് കഴിഞ്ഞ് ലാപ്പിഡ് ഭരിക്കും.

ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അറബ് പാർട്ടി ഭരണസഖ്യത്തിൽ വരുന്നു എന്നതും പ്രത്യേകതയാണ്. അറബ് കക്ഷിയായ ‘റാം’ ബെനറ്റ് സർക്കാറിൽ പങ്കാളിയാകും.

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ ബെഞ്ചമിൻ നെതന്യാഹു പരാജയം സമ്മതിച്ചിരുന്നു. സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങൾക്ക് നന്ദിയറിയിച്ചു. പരാജയം സമ്മതിച്ചതായി ഇതിനെ നിരീക്ഷകൾ വിലയിരുത്തിയിരുന്നു. അധികാരഭ്രഷ്ടനാകുന്നതോടെ അഴിമതി ആരോപണങ്ങളിലടക്കം നെതന്യാഹു നിയമനടപടികൾ നേരിടേണ്ടി വരും.

By Divya