Mon. Dec 23rd, 2024
കോഴിക്കോട്:

സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രന്റെ അസാന്നിധ്യത്തിൽ ബിജെപിയുടെ സംസ്ഥാന നേതൃയോഗം ചേർന്നു. കേന്ദ്ര നിർദേശപ്രകാരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടിരമേശിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കെസുരേന്ദ്രനെ മറ്റേതെങ്കിലും പാർട്ടിപദവിയിലേക്കു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ശനിയാഴ്ച സംസ്ഥാന നേതൃയോഗം ചേർന്നത്. ഡൽഹിയിലുള്ള കെ സുരേന്ദ്രൻ ഞായറാഴ്ച കേരളത്തിലെത്തും.

പാർട്ടിക്കെതിരായ സിപിഎം നീക്കത്തിനും മുട്ടിൽ മരംമുറിക്കേസിലെ നടപടികൾക്കും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ തീരുമാനിച്ചാണ് സംസ്ഥാന നേതൃയോഗം പിരിഞ്ഞത്. ബിജെപി സംസ്ഥാന കോർ കമ്മിറ്റിയംഗങ്ങൾ 15ന് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ സത്യഗ്രഹമിരിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ജില്ലാ, മണ്ഡലം തലങ്ങളിൽ മരം മുറിക്കെതിരായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ലോക്ഡൗൺ തീർന്നാലുടൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമീപകാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2 ദിവസത്തെ യോഗമാണ് ചേരുന്നത്.

ശനിയാഴ്ച ചേർന്ന ദേശീയ ഭാരവാഹിയോഗത്തിലും കെസുരേന്ദ്രൻ പങ്കെടുത്തിട്ടില്ല. കേരളത്തിൽ നിന്ന് എപിഅബ്ദുല്ലക്കുട്ടി പങ്കെടുത്തു.

By Divya