Mon. Dec 23rd, 2024
കണ്ണൂ‍ർ:

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഹൈക്കോടതി വിധി മുസ്ലീം സമൂഹത്തിന്‍റെ സാഹചര്യങ്ങളെ പഠിച്ചിട്ടല്ലെന്ന് അദ്ദേഹം വിമർശിച്ചു.

കോടതി കേരളത്തിലെ സാമൂഹ്യ സാഹചര്യം മനസ്സിലാക്കണമായിരുന്നുവെന്ന് എംവി ജയരാജൻ ചൂണ്ടികാട്ടി. പാലോളി കമ്മിറ്റിയുടെ നിർദേശങ്ങൾ ആഴത്തിൽ പഠിക്കണമായിരുന്നു, ഇത് പഠിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുസ്ലീം ജമാ അത്ത് സംഘടിപ്പിച്ചു വെർച്ചൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജൻ.

ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത്.

ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്നാണ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്. നിലവിലെ അനുപാതം 2015 ലാണ് നിലവിൽ വന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്.

By Divya