ലാഹോർ:
ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര നിരോധനവുമായി പാകിസ്താൻ. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. പാകിസ്താനിലെ നാഷണൽ കമാൻഡ് ആൻഡ് ഓപ്പറേഷൻ സെൻറർ 26 രാജ്യങ്ങളേയും സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. യാത്ര നിരോധനമുള്ള രാജ്യങ്ങളെയാണ് പാകിസ്താൻ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുക.
എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് കൊവിഡ് പരിശോധന നടത്താതെ പാകിസ്താനിൽ പ്രവേശിക്കാം. ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പൗരൻമാർ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. സി കാറ്റഗറിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പൗരൻമാർ രാജ്യത്ത് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ ഇറാൻ, ബംഗ്ലാദേശ് , ഭൂട്ടാൻ, ഇന്തോനേഷ്യ, ഇറാഖ്, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പീൻസ്, അർജൻറീന, ബ്രസീൽ, മെക്സികോ, ദക്ഷിണാഫ്രിക്ക, ടുണിഷ്യ, ബൊളീവിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വേഡോർ, നാംബിയ, പാരാഗ്വേ, പെറു, ട്രിനിനാഡ് ആൻഡ് ടുബാഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളും സി കാറ്റഗറിയിൽ ഉൾപ്പെടുന്നു.