Wed. Nov 6th, 2024
ചെന്നൈ:

അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങിയ നായയെ രക്ഷപ്പെടുത്തി. ചെന്നൈയില്‍ ഒരു സൈബീരിയന്‍ ഹസ്‌കി വിഭാഗത്തില്‍പ്പെട്ട നായയാണ് റോഡരികില്‍ കിടന്ന മാസ്‌ക് വിഴുങ്ങിയത്. ഭക്ഷണം കഴിക്കാന്‍ കഴിയാതെ ക്ഷീണാവസ്ഥയിലായതോടെ നായയെ ഉടമകള്‍ മൃഗാശുപത്രിയിലെത്തിച്ചു.

വിശദമായ പരിശോധനയിലാണു മാസ്‌ക് അന്നനാളത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ചെന്നൈയിലെ തമിഴ്‌നാട് വെറ്റിനറി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നായയെ മയക്കിയ ശേഷം മാസ്‌ക് പുറത്തെടുക്കുകയായിരുന്നു. വിലയേറിയ നായ്ക്കളുടെ വിഭാഗത്തില്‍പ്പെടുന്ന സൈബീരിയന്‍ ഹസ്‌കികളുടെ പപ്പികള്‍ക്ക് അരലക്ഷം രൂപ വരെ വില വരും.

കൊവിഡ് മഹാമാരി തലയ്ക്ക് മീതെ നില്‍ക്കവെ, ഉപയോഗിക്കുന്ന മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പല നിര്‍ദേശങ്ങളും നല്‍കുമ്പോഴും മാസ്‌ക് വഴിയോരത്തും മറ്റും ഉപേക്ഷിക്കുന്നത് പതിവു കാഴ്ചയാവുകയാണ്. കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നതിനൊപ്പം മറ്റ് ജീവജാലങ്ങള്‍ക്കും വില്ലനാണ് ഇത്തരത്തിലെ നടപടിയെന്ന് നായയുടെ അനുഭവത്തോടെ തെളിയുകയാണ്.

By Divya