Mon. Dec 23rd, 2024
K sundara K Surendran

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പൊലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും ലഭിച്ചു എന്നാണ് സുന്ദര മൊഴി നല്‍കിയിരുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ വില ഒന്‍പതിനായിരത്തില്‍ താഴെയാണ്. മൊബൈല്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഈ ഹാര്‍ഡ് ഡിസ്‌കില്‍ ഒരു മാസത്തോളം മാത്രമേ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനാകൂ. ഫോണ്‍ വാങ്ങിയത് കഴിഞ്ഞ മാര്‍ച്ച് 22 നാണ്.

പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് സുന്ദര മൊഴിയില്‍ പറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഫോണ്‍ വാങ്ങിയ കാസര്‍ഗോഡ് നീര്‍ച്ചാലിലുള്ള കടയില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം കട ഉടമയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

കഴിഞ്ഞ ദിവസം സുന്ദരയുടെ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ.സുന്ദരയുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വാണി നഗറിലെ വീട്ടില്‍ എത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴിയെടുത്തത്. അതിനിടെ മജിസ്‌ട്രേറ്റിന് മുന്‍പാകെ സുന്ദരയുടെ രഹസ്യ മൊഴി എടുക്കാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.