Thu. Jan 23rd, 2025
ആലപ്പുഴ:

ഫീസ് ഇളവിനായി രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പേരില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് പഠനം നിഷേധിച്ചതായി പരാതി. ഇക്കൊല്ലം ഒമ്പതാം ക്ലാസിൽ പഠിക്കേണ്ട മൂന്ന് വിദ്യാർത്ഥികൾക്ക് കായംകുളം വേലൻചിറ ജനശക്തി പബ്ലിക് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചെന്നാണ് പരാതി. എന്നാല്‍ സ്കൂളിനെ നിരന്തരം അപമാനിച്ചതിനാൽ അധ്യാപകർ ഉൾപ്പെടെ ഒന്നിച്ചെടുത്ത തീരുമാനമെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.

ജൂൺ രണ്ടിന് മറ്റ് കുട്ടികൾ ഓൺലൈനിൽ പഠനം തുടങ്ങിയപ്പോൾ ഈ കുട്ടികൾ പരിധിക്ക് പുറത്താണ്. ഇവർ പഠിക്കുന്ന ജനശക്തി പബ്ലിക് സ്കൂളിൽ കൊവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ വർഷം രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സമാന പരാതിക‌ൾ ഒന്നിച്ച് തീർപ്പാക്കിയ കോടതി, 15 മുതൽ 25 ശതമാനം വരെ ഫീസ് ഇളവ് നൽകണമെന്ന ഉത്തരവും നൽകി. കോടതി കയറി ഫീസ് കുറപ്പിച്ചതിന്‍റെ പ്രതികാരമാണ് ഇക്കൊല്ലം മക്കൾക്ക് പഠനം നിഷേധിച്ചതിന് കാരണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

കോടതി പറഞ്ഞ ഫീസ് പൂർണ്ണമായും കഴിഞ്ഞ അധ്യയന വർഷം ഇവർ അടച്ചിരുന്നു. എന്നാൽ സ്കൂളിനെയും അധ്യാപകരെയും നവമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചെന്നും, മറ്റ് രക്ഷിതാക്കളോട് ഒരു ഫീസും അടയ്ക്കരുതെന്ന് നിർബന്ധിച്ചതായും പ്രിൻസിപ്പാൾ ആർ സജീവൻ പറഞ്ഞു. കുട്ടികളെ പുതിയ ക്ലാസിൽ പ്രവേശിപ്പിക്കുന്നതിനോട് താൽപ്പര്യം ഇല്ലെന്ന് മുഴുവൻ അധ്യാപകരും ഒന്നിച്ച് തീരുമാനമെടുതാണെന്ന് മാനേജ്മെന്‍റും വ്യക്തമാക്കി.

By Divya