Thu. Apr 25th, 2024
മുംബൈ:

കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം പറഞ്ഞത്​.

കേന്ദ്രസർക്കാർ പാസാക്കി മൂന്ന്​ നിയമങ്ങളും കർഷകവിരുദ്ധമാണ്​. അതിനാൽ മഹാരാഷ്​ട്ര സർക്കാർ കാർഷിക ഭേദഗതി ബിൽ കൊണ്ടുവരും. ഇതിലൂടെ കർഷകരുടെ താത്ര്യങ്ങൾ സംരക്ഷിക്കുകയാണ്​ ലക്ഷ്യം. നിയമസഭയു​ടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരത്​ പവാറുമായി നടത്തിയ കൂടിക്കാഴ്​ചക്കൊടുവിലാണ്​ മന്ത്രിയുടെ പ്രഖ്യാപനം.

റവന്യു മന്ത്രി ബാലസാഹേബ്​ തൊറാത്തിനൊപ്പം സഹകരണ മന്ത്രി ബാലസാഹേബ്​ പാട്ടീൽ, കൃഷിമന്ത്രി ദാദ്​ജി ഭൂസ്​, കാർഷിക സഹമന്ത്രി ഡോ വിശ്വജിത്ത്​ എന്നിവരും ശരത്​പവാറുമായി കൂടിക്കാഴ്​ച നടത്തി.

പാൻകാർഡ്​ ഉള്ള ആർക്കും കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങാനുള്ള സാധ്യതയാണ്​ കേ​ന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്​. ഇത്​ തട്ടിപ്പുകൾക്ക്​ കാരണമായേക്കാം. 10 വർഷത്തോളം കൃഷി വകുപ്പ്​ ഭരിച്ച്​ പരിചയമുള്ള ശരത്​പവാറിന്റെ ഉപദേശങ്ങൾ കൂടി സ്വീകരിക്കാനാണ്​ ഭേദഗതി ബിൽ തയാറാക്കുന്നതിന്​ മുമ്പ്​ അദ്ദേഹവുമായി കൂടിക്കാഴ്​ച നടത്തിയതെന്ന്​ തൊറാത്ത്​ പറഞ്ഞു.

By Divya