Thu. Dec 19th, 2024
ഹൈദരാബാദ്:

സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ തെലങ്കാന സർക്കാർ 10,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. ചൊവ്വാഴ്​ച വൈകിട്ട് നടന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്​.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയും ഗുണപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്​കരിക്കാൻ തീരുമാനമായി. രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ ആരോഗ്യമേഖല ലോ​ക നിലവാരത്തിലാക്കുകയെന്നതാണ്​ സർക്കാർ ലക്ഷ്യം വെക്കുന്നത്​.

ധനകാര്യമന്ത്രി ഹരീഷ് റാവുവിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് ഉപസമിതിയോട് വിശദ റിപ്പോർട്ട് തയ്യാറാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. സർക്കാർ ആശുപത്രികളുടെ നവീകരണം, ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയുൾപ്പടെയുള്ള പദ്ധതികളാണ്​ ആവിഷ്​കരിക്കുന്നത്​.

കൊവിഡ് ചികിത്സ രംഗത്ത്​ മറ്റ്​ സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ മികച്ച ചികിത്സ നൽകാൻ സംസ്ഥാനത്തിന്​ കഴിഞ്ഞതായും യോഗത്തിൽ വിലയിരുത്തി.

By Divya