Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യയിലെ കൊവിഡ് വാക്സിനായ കോവാക്സിന്‍റെ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്പസിന്‍റെ സുരക്ഷാ ചുമതല ജൂൺ 14 മുതൽ സിഐഎസ്എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീർപേട്ടിലെ ജിനോം വാലിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ രജിസ്റ്റർ ചെയ്ത ഓഫീസിനും പ്ലാന്‍റിനും സിഐ‌എസ്‌എഫിന്‍റെ 64 അംഗ സംഘം സുരക്ഷ ഒരുക്കും.

ഒരു മാസം മുമ്പാണ് സുരക്ഷ ആവശ്യപ്പെട്ട് ഭാരത് ബയോടെക് സിഐഎസ്എഫിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സമീപിച്ചത്. അപേക്ഷയിൽ വിശദ പരിശോധന നടത്തിയ ശേഷമാണ് സുരക്ഷ നൽകാൻ കേന്ദ്രം തിരുമാനിച്ചത്. സേനയുടെ ചെലവ് ഭാരത് ബയോടെക് വഹിക്കും.

രാജ്യത്തിന്‍റെ മെഡിക്കൽ, ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താൻ പ്രവർത്തിക്കുന്ന ഭാരത് ബയോടെക് തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സിഐഎസ്എഫ് സുരക്ഷ അനുവദിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

By Divya