തിരുവനന്തപുരം:
വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പലരും കരുതുന്നത് ഇത് താൻ ഹെലികോപ്റ്ററിൽ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാൻ ചെയ്ത കാര്യമെന്നാണ്. എന്നാൽ അങ്ങിനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്.
നിരന്തരം ചർച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാൻ സാധിക്കാത്ത എത്രയോ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാൻ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി,’ എന്നും അദ്ദേഹം പറഞ്ഞു.
‘മരിച്ച സുഡാനി കുട്ടിയുടെ കുടുംബം ദിയ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. പണം വാങ്ങിയാൽ മകനെ തിരിച്ച് കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ ചോദിച്ചത്. അതുകൊണ്ട് അവരോട് ദീർഘമായി സംസാരിക്കേണ്ടി വന്നു.
ബെക്സ് കൃഷ്ണന്റെ കുടുംബത്തെ കുറിച്ചൊക്കെ അവരോട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ദിയ അവരുടെ അവകാശമാണ്. നിരന്തരം ചർച്ച ചെയ്താണ് അവരുടെ തീരുമാനം മാറ്റിയത്,’ എന്നും യൂസഫലി അറിയിച്ചു.
‘ബെക്സ് കൃഷ്ണന് ജോലി ശരിയാക്കി കൊടുക്കും. ഇപ്പോൾ ജയിലിൽ നിന്ന് വന്നതല്ലേയുള്ളൂ. ഒരു ആറ് മാസം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അത് കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും തന്നെ ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കും,’ എന്നും അദ്ദേഹം പറഞ്ഞു.