Fri. Nov 22nd, 2024
കണ്ണൂര്‍:

കണ്ണൂർ ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തി.

3.88 കോടി രൂപയാണ് കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് വേണ്ടി വകയിരുത്തിയത്. പദ്ധതിയിൽ വൻ ക്രമക്കേടാണ് നടന്നത്. 2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതി ഒറ്റദിവസം കൊണ്ട് നിർജീവമായി.

ടെൻഡർ നൽകിയതിലെ അഴിമതിയാണ് ആരംഭത്തിൽ തന്നെ പദ്ധതി പാളിപ്പോകാൻ കാരണം. പദ്ധതി നടത്തിപ്പിനായി ടെൻഡർ നൽകിയ മൂന്ന് കമ്പനികളിൽ കുറഞ്ഞ തുക ടെൻഡർ നൽകിയ ഹവായ എന്ന കമ്പനിയെ ആദ്യമേ തഴഞ്ഞു. തുടർന്ന് ബംഗ്ലൂർ ആസ്ഥാനമായ കൃപാ ടെലികോമിന് ടെൻഡർ ഉറപ്പിച്ചു.

എന്നാൽ ഈ കമ്പനി പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കുകയാണ് ചെയ്തത്. സംഭവത്തിൽ ഡിടിപിസിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ടെൻഡർ നൽകിയതിലെ ക്രമക്കേട് പദ്ധതി നിലയ്ക്കാൻ ഇടയാക്കിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

അഴിമതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. 2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന എപി അബ്ദുള്ളക്കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. മുൻമന്ത്രി എപി അനിൽ കുമാറിന്റെ മൊഴിയും അന്വേഷണ സംഘം വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

By Divya