Wed. Jan 22nd, 2025
ലക്ഷദ്വീപ്:

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലിയില്ലാതായതോടെ പട്ടണിയിലമര്‍ന്ന് ലക്ഷദ്വീപ് ജനത. പല വീടുകളിലും കൃത്യമായി അന്നമെത്തിയിട്ട് ദിവസങ്ങളായി. ഭക്ഷണവിതരണത്തിന് അഡ്മിനിസ്ട്രേഷന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ദ്വീപിലെ പട്ടിണി തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ ഹർജികൾ എത്തി.

ഇവരുടെ വീടുകളിൽ മാത്രമല്ല ലക്ഷദ്വീപിലെ പല വീടുകളിലും അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി. ഒരു മാസത്തിലേറെയായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവര്‍പോലും വീട്ടിലിരിക്കുകയാണ്. കൈയ്യില്‍ പണമില്ലാതായതോടെ ഭക്ഷണസാധനങ്ങള്‍ വാങ്ങാനും സാധിക്കാതായി.

കേരളത്തിനു സമാനമായി കിറ്റുവിതരണമോ ഭക്ഷണവിതരണമോ ദ്വീപില്‍ നടക്കുന്നില്ല.  ഇടയ്ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാര്‍ ഭക്ഷണപ്പൊതികള്‍ വീടുകളില്‍ ചില വീടുകളിലെങ്കിലും എത്തിച്ചിരുന്നു. അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോട പൊതിച്ചോറ് പോലും ലഭിക്കാത്ത അവസ്ഥയായി എന്നാണ് പ്രധാന ആരോണം.

ബിപിഎൽ കുടുംബങ്ങൾക്ക് അഞ്ചു കിലോ അരി നൽകിയതല്ലാതെ ദ്വീപിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അഡ്മിനിസ്ട്രേഷൻ ഒന്നും ചെയ്യുന്നില്ല എന്നാണ് പരാതി. ദ്വീപ് ജനതയ്ക്ക് ഭക്ഷണം ഉറപ്പാക്കാൻ ഹൈകോടതി ഇടപെടണം  എന്നാണ് ആവശ്യം. മുതിർന്ന അഭിഭാഷകൻ മുഹമ്മദ്‌ ഷാ ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി  നൽകും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പോലും പലരും തുറക്കുന്നില്ല. ഇതെല്ലാം ഭക്ഷണക്ഷാമത്തിനു കാരണമാകുന്നു.  വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലിന് കാത്തിരിക്കുനകയാണ്  ദ്വീപിലുള്ളവർ.

By Divya