Thu. Jan 23rd, 2025
ന്യൂദല്‍ഹി:

വിജയം പോലെ തോല്‍വിയും പാഠമാക്കണമെന്നു പ്രവര്‍ത്തകരോടു പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന
തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാക്കളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞതു തോല്‍വിയോ വിജയമോ ആകട്ടെ, അതില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊള്ളുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്യുക,’ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരോടു മോദി പറഞ്ഞു.

അവസാനം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിട്ടിരുന്നു. 200 സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബംഗാളില്‍ മമതക്കു മുന്നില്‍ ബിജെപി കീഴടങ്ങി.

തമിഴ്‌നാട്ടിലും കേരളത്തിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. അസമില്‍ വിജയം നിലനിര്‍ത്തി, പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിഞ്ഞതുമാണു ബിജെപിക്ക് ആശ്വാസമായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു മോദിയുടെ ഉപദേശം.

വരാനുള്ള തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിനെ ഗൗരവത്തോടെയാണു ബിജെപി കാണുന്നത്. കേന്ദ്ര സര്‍ക്കാരിനു ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണു ഉത്തര്‍പ്രദേശ്. പുതിയ പ്രചാരണ രീതികളോടൊപ്പം അണികളെ ചേര്‍ത്തുനിര്‍ത്തുക എന്നതും വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു നിര്‍ണായകമാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു എന്ന അഭ്യൂഹങ്ങളുണ്ട്. യോഗിയുടെ പിറന്നാള്‍ ദിനത്തില്‍ മോദിയും അമിത് ഷായും സമൂഹ്യ മാധ്യമങ്ങളില്‍ ആശംസകള്‍ അറിയിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

By Divya