ന്യൂഡൽഹി:
രാജ്യത്തെ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പൊതുമേഖല ബാങ്കുകൾ. വാക്സിൻ എടുത്തവരുടെ സ്ഥിരനിക്ഷേപകങ്ങൾക്ക് അധിക പലിശ നൽകുന്നതാണ് പദ്ധതി. യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയാണ് അധിക പലിശ നൽകുക.
വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തവർക്ക് 0.30 ശതമാനം അധിക പലിശയാണ് യൂക്കോ ബാങ്ക് നൽകുക. 999 ദിവസക്കാലയളവിലെ നിക്ഷേപകങ്ങൾക്കാണ് നിരക്ക് ബാധകം. സെൻട്രൽ ബാങ്ക് കാൽ ശതമാനം പലിശയാണ് അധികമായി നൽകുക.
ഇമ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം എന്ന പേരിലാണ് സെൻട്രൽ ബാങ്ക് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപകർക്കാണ് ആനുകൂല്യം ലഭിക്കുക. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഇത്തരം നിക്ഷേപപദ്ധതികളുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.