കോഴിക്കോട്:
കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. കേരള നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നിയമ സഭയിൽ പിണറായിയും വി ഡി സതീശനും ദാസനും വിജയനും കളിക്കുകയാണ്. ബിജെപി ക്കെതിരെ സർക്കാർ അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്. കെ സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്‍റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ക്യഷ്ണദാസ് ആരോപിച്ചു.
കൊടകരയിലെ പ്രതികൾ സിപിഎം – സിപിഐ ബന്ധമുള്ളവരാണ്. കൃഷ്ണദാസ് പ്രതിയായ മാർട്ടിൻ എഐവൈഎഫുകാരനാണ്. യുഡിഎഫിനെയും എൽഡിഎഫിനെയും യോജിപ്പിക്കുന്നത് തീവ്രവാദ സംഘടനകളാണ്. അത്തരം സംഘടനകളെ പ്രീണിപ്പിക്കാനാണ് ബിജെപി നേതാക്കളെ കേസിൽ കുടുക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം നടത്തുകയും ആളുകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നതിന് പകരം പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണത്തിനായി വിളിപ്പിക്കാത്തത് എന്താണ്. ഇതിനുള്ള കാരണം പറയുന്നത് വളരെ രസമാണ്.
വാദി കേസ് കൊടുത്തപ്പോള്‍ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് പറയുന്നത്. അതുകൊണ്ടാണ് വാദിയുടെ കോള്‍ലിസ്റ്റ് പരിശോധിക്കുന്നത്. ബിജെപി ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.