Fri. Apr 26th, 2024
ന്യൂഡൽഹി:

കേന്ദ്രസർക്കാറിന്റെ പുതിയ വാക്​സിൻ നയം നടപ്പിലാക്കാൻ 50,000 കോടി രൂപയുടെ ചെലവ്​ വരുമെന്ന്​ ധനകാര്യമന്ത്രാലയം. നിലവിൽ ആവശ്യത്തിനുള്ള പണം കേന്ദ്രസർക്കാറിന്റെ കൈവശമുണ്ട്​. അടിയന്തരമായി സപ്ലിമെൻററി ഗ്രാൻറുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ല.

പാർലമെൻറിന്റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ എൻഡിടിവി റിപ്പോർട്ട്​ ചെയ്​തു​. നിലവിൽ വിദേശകമ്പനികളിൽ നിന്ന്​ വാക്​സിൻ വാങ്ങുന്നത്​ പരിഗണിക്കുന്നില്ല. ഭാരത്​ ബയോടെക്​, സെറം ഇൻസ്​റ്റിറ്റ്യൂട്ട്​, ബയോ-ഇ എന്നിവർക്ക്​ ആവശ്യമായ വാക്​സിൻ നൽകാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. ഫൈസർ, മോഡേണ കമ്പനികളുമായി ചർച്ച നടക്കുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ലെന്നാണ്​ സൂചന.

കഴിഞ്ഞ ദിവസമാണ്​ വാക്​സിൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. സുപ്രീംകോടതിയിൽ നിന്ന്​ ഉൾപ്പടെ രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. മുഴുവൻ ജനങ്ങൾക്കും വാക്​സിൻ സൗജന്യമായി നൽകുമെന്നാണ്​ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്​.

By Divya