Wed. Nov 6th, 2024
ന്യൂഡൽഹി:

വാക്സീൻ സംഭരണത്തിൽ നിലവിലെ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സീൻ്റെ വിലയും സംഭരണവും സംബന്ധിച്ച് സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചിരുന്നു.

ഇതോടൊപ്പം സുപ്രീംകോടതിയിൽ നിന്നും ചില വിമർശനങ്ങൾ കേന്ദ്രസർക്കാർ നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വാക്സീൻ നയത്തിൽ വീണ്ടും മാറ്റം വരുത്താൻ കേന്ദ്രം ആലോചിക്കുന്നത്.

ജനുവരി 16-ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ ആദ്യം കൊവിഡ് മുൻഗണനാ പോരാളികൾക്കും പിന്നെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും അടുത്ത ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾ വാക്സിൻ എത്തിച്ചു നൽകിയിരുന്നു.

പിന്നീട് 18-44 പ്രായവിഭാഗത്തിലുള്ളവരുടെ വാക്സീനിഷേൻ തുടങ്ങിയപ്പോൾ പകുതി വാക്സീൻ കേന്ദ്രം നൽകുമെന്നും ബാക്കി പകുതി സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും ചേർന്ന് സംഭരിക്കണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ നയം.

എന്നാൽ സ്വകാര്യ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കും ആവശ്യമായത്ര വാക്സീൻ നൽകാൻ നിർമ്മാണകമ്പനികൾക്ക് സാധിക്കാത്ത അവസ്ഥ വന്നു. കേന്ദ്രസർക്കാർ നേരിട്ട് വാക്സീൻ കമ്പനികളിൽ നിന്നും ശേഖരിക്കുകയും അതു പിന്നീട് സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്യുന്ന രീതി കൊണ്ടു വരാനാണ് കേന്ദ്രം ഇപ്പോൾ ആലോചിക്കുന്നത്.

ഒരേവിലയ്ക്ക് വാക്സീൻ വാങ്ങാനും ഇതിലൂടെ കേന്ദ്രത്തിനാവും. എല്ലാ സംസ്ഥാനങ്ങൾക്കുമായി വാക്സീൻ ഒരുമിച്ച് വാങ്ങുമ്പോൾ വലിയ ഓർഡർ ലഭിക്കും എന്നത് കമ്പനികൾക്കും തുണയാവും.

സംസ്ഥാനങ്ങൾ തമ്മിൽ അഭിപ്രായ ഐക്യത്തിൽ എത്തിയാൽ വാക്സീൻ നയം മാറ്റാൻ തയ്യാറാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അടക്കമുള്ളവർ കേന്ദ്രം വാക്സീൻ സംഭരിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സംസ്ഥാനങ്ങളെ നേരിട്ട് വാക്സീൻ സംഭരിക്കാൻ അനുവദിക്കണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ നിലപാട്. നിലവിൽ ഉത്പാദിപ്പിക്കുന്ന വാക്സീനുകൾ കൂടാതെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി കൂടുതൽ വാക്സീനുകൾ രാജ്യത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗസ്റ്റ് മാസത്തോടെ കൊവിഷീൽഡ്, കൊവാക്സീൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കും. ഇതോടൊപ്പം നിലവിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പ്ടുനിക് വി വാക്സീൻ്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കും. സൈഡസ് കാഡിലയുടെ വാക്സീനും ഉടനെ വിതരണത്തിന് എത്തും.

ഇതോടൊപ്പം അമേരിക്കൻ കമ്പനിയായ ഫൈസറും രണ്ട് മാസത്തിൽ ഇന്ത്യയിൽ ലഭ്യമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സീൻ നയം സംബന്ധിച്ച കേസ് സുപ്രീംകോടതിക്ക് ഒരാഴ്ചയ്ക്ക് അകം വീണ്ടും പരിഗണിക്കും ഇതിനുമുൻപായി വാക്സീൻ നയത്തിൽ കാര്യമായ മാറ്റം വരും എന്നാണ് കരുതുന്നത്.

ഫൈസർ അടക്കമുള്ള വിദേശവാക്സീൻ നിർമ്മാതാക്കളുമായി കേന്ദ്രആരോഗ്യമന്ത്രാലയം നിലവിൽ ചർച്ച തുടരുകയാണ്. ചില നിബന്ധകളിൽ മാറ്റം വരുത്തിയാൽ ഇന്ത്യയ്ക്ക് അഞ്ച് കോടി വാക്സീൻ അടിയന്തരമായി എത്തിക്കാമെന്ന് ഫൈസർ നേരത്തെ വ്യക്തമാക്കിയിരുന്നു.

By Divya