Mon. Dec 23rd, 2024
കൊല്‍ക്കത്ത:

സി ബി എസ് ഇ  പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥികള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാലയങ്ങളോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

താങ്ക്യൂ മോദി സര്‍ നാസി ജര്‍മനിയുടെ പ്രൊപ്പഗാന്‍ഡയെപ്പറ്റി ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചതിനു എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ഇക്കഴിഞ്ഞ ദിവസമാണു ബാംഗ്ലൂരിലെ കേന്ദ്രീയ വിദ്യാലയങ്ങളോടു വിദ്യാര്‍ത്ഥികളെക്കൊണ്ടു പ്രധാമന്ത്രിയ്ക്കു നന്ദി പറയുന്ന വീഡിയോ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു നിര്‍ദ്ദേശമുണ്ടായത്. സ്‌കൂളുകളിലെ അധ്യാപകര്‍ തന്നെയാണു ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

രാഷ്ട്രീയ നേട്ടത്തിനായി സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ ഉപയോഗിക്കുന്നതു അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ തീരുമാനം സ്‌കൂളിന്റെ അന്തസ്സ് കെടുത്തുന്നതാണെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ കൊണ്ട് വീഡിയോ ചെയ്യിക്കണമെന്നാശ്യപ്പെട്ടു ബാംഗ്ലൂരിലെ 51 കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കു നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാരിനെതിരെ മഹുവ രംഗത്തെത്തിയത്.

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായതോടെയാണു സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വെയ്ക്കാന്‍ തീരുമാനമായത്. സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മെയ് 4 മുതല്‍ നടക്കേണ്ടതായിരുന്നു.

രാജ്യത്തെ നിലവിലെ സാഹചര്യത്തിലാണു നിര്‍ണ്ണായക തീരുമാനം. പന്ത്രണ്ടാം ക്ലാസിനുള്ള ബോര്‍ഡ് പരീക്ഷകള്‍ ബോര്‍ഡ് അവലോകനം ചെയ്ത ശേഷം തീരുമാനിക്കും. പരീക്ഷ ആരംഭിക്കുന്നതിനു മുമ്പു കുറഞ്ഞത് 15 ദിവസമെങ്കിലും നോട്ടീസ് നല്‍കുമെന്നും ബോര്‍ഡ് അറിയിച്ചിരുന്നു.

By Divya