Sun. Dec 22nd, 2024
തൃശൂർ/കാസർകോട്:

കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ കുഴൽപണം കവർന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ സുരേന്ദ്രന്റെ മകന്റെ ഫോണിൽ നിന്ന് വിളിച്ചതായി സൈബർ പൊലീസ് സ്ഥിരീകരിച്ചു.

ഫോണിൽ നിന്നു മറ്റാരെങ്കിലും വിളിച്ചതാകാമെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. സുരേന്ദ്രന്റെ മകനെ അറിയില്ലെന്നും വിളിച്ചിട്ടില്ലെന്നുമാണ് ധർമരാജൻ പൊലീസിനു നൽകിയ മൊഴി.

ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ ജനവിധി തേടിയ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയെ പിന്മാറ്റാൻ ബിജെപി രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങി. കേസ് ഉടൻ റജിസ്റ്റർ ചെയ്യുമെന്നാണു സൂചന. ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയ ശേഷം പിൻവലിച്ച കെ സുന്ദരയാണ് രണ്ടര ലക്ഷം രൂപയും സ്മാർട് ഫോണും ലഭിച്ചതായി വെളിപ്പെടുത്തിയത്.

ബിജെപി പ്രവർത്തകരിൽ നിന്നു ഭീഷണിയുണ്ടെന്ന് അറിയിച്ചതിനാൽ സുന്ദരയ്ക്ക് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി.

By Divya