Fri. Nov 22nd, 2024
കവരത്തി:

ലക്ഷദ്വീപിൽ സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചു. ദ്വീപുകാരല്ലാത്തവരോട് ഉടൻ മടങ്ങണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. പാസ് പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിൻ്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒരാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു.

കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് 29 നാണ് ലക്ഷദ്വീപിൽ സന്ദർശക വിലക്കേർപ്പെടുത്തി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത്. ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് കേരളത്തിലെ എംപിമാരുടെ സംഘം അനുമതി ചോദിച്ച ഘട്ടത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.

ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും നടപടികളുമായി അഡ്മിനിസ്ട്രേഷൻ മുന്നോട്ടു പോവുകയാണ്. സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചതോടെ കേരളത്തിലടക്കമുള്ള തൊഴിലാളികൾ ലക്ഷദ്വീപിൽ നിന്ന് മടങ്ങുകയാണ്.

ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നൽകാൻ ഇനി മുതൽ അധികാരമുള്ളത് കവരത്തി എഡിഎമ്മിനാണ്. നേരത്തെ കപ്പൽ വിമാന യാത്രകൾക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ഇതിനിടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ നാളെ ജനകീയ നിരാഹാര സമരം നടക്കും.

സേവ് ലക്ഷദ്വീപ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാരം. ദ്വീപിലെ ബിജെപി നേതൃത്വത്തിൻ്റെ പിന്തുണയും സമരത്തിനുണ്ട്.

By Divya