Fri. Apr 19th, 2024
ന്യൂയോര്‍ക്ക്:

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്. 2023 വരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

കലാപത്തെത്തുടര്‍ന്ന് ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും യൂട്യൂബും ഇവ നീക്കം ചെയ്തതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന പിന്‍വലിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് മേല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന ഒഴിവാക്കണമെന്ന ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഫേസ്ബുക്കിന്റെ അഭിപ്രായങ്ങള്‍ ജൂണ്‍ അഞ്ചിന് മുമ്പ് അറിയിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയക്കാരുടെ പോസ്റ്റുകള്‍ വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും അത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നുമായിരുന്നു ഫേസ്ബുക്കിന്റെ ഇതുവരെയുള്ള നയം. അപവാദ പ്രചാരണങ്ങള്‍, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകള്‍ തുടങ്ങിയവ തടയുന്നതിനായി ഫേസ്ബുക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

By Divya