ന്യൂഡൽഹി:
രാജ്യത്ത് വാക്സിൻ പാഴാക്കുന്നത് കുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ് മോദിയുടെ പരാമർശം. വാക്സിൻ പാഴാക്കുന്ന നിരക്ക് രാജ്യത്ത് ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. ഇത് മറികടക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും മോദി നിർദ്ദേശിച്ചു.
സർക്കാറിൻറെ പിന്തുണ വാക്സിൻ ഉല്പാദനം വർദ്ധിപ്പിക്കാൻ നിർമാതാക്കളെ സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. യോഗത്തിൽ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്സിൻ സ്റ്റോക്ക് സംബന്ധിച്ചും അദ്ദേഹം വിലയിരുത്തൽ നടത്തി.
വാക്സിനേഷൻ കൂടുതൽ ജനകീയമാക്കാനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീകരിച്ച നടപടികളും ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വാർത്തവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ എന്നിവർ പങ്കെടുത്തു. വാക്സിൻ നയത്തിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വീണ്ടും യോഗം വിളിച്ചത്.