Thu. Jan 23rd, 2025
തിരുവനന്തപുരം:

രണ്ടാം പിണറായി സർക്കാരിന്റെയും മന്ത്രി കെഎൻ ബാലഗോപാലിന്റെയും ആദ്യ ബജറ്റ് ഇന്നു രാവിലെ 9ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ജനുവരി 15ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയായിരിക്കും പുതുക്കിയ ബജറ്റ്.

ഇരു ബജറ്റുകൾക്കും ഇടയിലുണ്ടായ കൊവിഡിന്റെ രണ്ടാം തരംഗവും ഇനി മുന്നിൽക്കാണുന്ന മൂന്നാം തരംഗവും നേരിടാനുളള പദ്ധതികൾ ആരോഗ്യ മേഖലയിൽ പ്രഖ്യാപിക്കും. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാൻ ഫണ്ട് വകയിരുത്തും. എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള തുടക്കവും ബജറ്റിലെ പദ്ധതികളിലുണ്ടാകും.

വീട്ടമ്മമാർക്ക് പെൻഷൻ, 5000 കോടിയുടെ തീര സംരക്ഷണ പാക്കേജ്, മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതി, അതിദാരിദ്ര്യം നേടുന്നവർക്ക് സാമ്പത്തിക സഹായം, വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വായ്പാ പദ്ധതി തുടങ്ങിയവയാകും മുഖ്യ പ്രഖ്യാപനങ്ങളെന്നാണു സൂചന.

തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കഴിഞ്ഞ ബജറ്റിൽ ഒഴിവാക്കിയ വരുമാന വർധനാ മാർഗങ്ങൾ ഈ ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ടി വരും. ഭൂമിയുടെ ന്യായവില, മദ്യനികുതി, ഫീസുകൾ എന്നിവ വർധിപ്പിക്കുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യം മൂന്നേകാൽ മണിക്കൂറായിരുന്നു. ഇതിന്റെ പകുതി സമയം കൊണ്ടു വായിച്ചു തീർക്കാവുന്ന മിനി ബജറ്റിന്റെ ഉള്ളടക്കം മുഖ്യമന്ത്രിയുമായി മന്ത്രി ചർച്ച ചെയ്തു. ആദ്യമായി നിയമസഭാംഗവും മന്ത്രിയുമാകുന്ന ബാലഗോപാൽ ധനമന്ത്രിയായി ചുമതലയേറ്റ് 15–ാം ദിവസമാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

By Divya