Sat. Apr 20th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് 1 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി എഇഒമാര്‍ക്കും ഡിഇഒമാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. കുട്ടികള്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍. കൂടാതെ പാഠപുസ്തകം, പുസ്തകം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടോ എന്നും ഉറപ്പാക്കണം.

സ്‌കൂളില്‍ തന്നെ അധ്യാപകര്‍ മുന്‍കൈ എടുത്ത് ഇക്കാര്യങ്ങള്‍ ഉറപ്പിക്കണം. ഈ മാസം 13നകം തന്നെ സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വൈദ്യുതി ലഭ്യമാണോ എന്നും ഉറപ്പ് വരുത്തണം.

7 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിടവുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കി മാത്രമേ സ്‌കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആദ്യ രണ്ടാഴ്ച ട്രയല്‍ ക്ലാസാണ് നടത്തുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കാന്‍ ട്രയല്‍ ക്ലാസ് ഗുണം ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. റോജി എം ജോണ്‍ ആണ് അനുമതി തേടി നോട്ടിസ് നല്‍കിയത്. പരമാവധി വിദ്യാരത്ഥികള്‍ക്ക് ഡിജിറ്റല്‍ സൗകര്യം നല്‍കാന്‍ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടിയായി പറഞ്ഞു.

By Divya