Wed. Jan 22nd, 2025
ന്യൂഡൽഹി:

നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു.
റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ് തീരുമാനം. നടപടി വായ്പയെടുത്തവര്‍ക്ക് ആശ്വാസമായപ്പോള്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി.

കൊറോണയുടെ രണ്ടാം തരംഗത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ആർബിഐയുടെ നയ പ്രഖ്യാപനം. കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി 9.5ശതമാനമാകും. 10.5 ശതമാനം വളര്‍ച്ചനേടുമെന്നായിരുന്നു കഴിഞ്ഞ ധനഅവലോകന യോഗത്തില്‍ പ്രതീക്ഷിച്ചിരുന്നത്.

2021- 22 സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായിരിക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. 50 കോടി രൂപവരെ വായ്പയെത്തവര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പ പരിധി.

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ധനം 2.865 ബില്യണ്‍ ഡോളറില്‍ നിന്ന് 592.894 ബില്യണ്‍ ഡോളറിലെത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഷിക മേഖലയുടെ പുനരുദ്ധരിക്കല്‍ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോ നിരക്ക് 4 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ധനനയ സമിതി ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തില്‍ സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനങ്ങളെ സഹായിക്കാന്‍ നയപരമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

By Divya