ന്യൂഡൽഹി:
രാജ്യത്ത് രണ്ടാമത്തെ മെയ്ഡ് ഇൻ ഇന്ത്യ വാക്സിനെത്തുന്നു. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന കമ്പനിയുടെ കൊവിഡ് വാക്സിനാണ് വിതരണത്തിനെത്തുന്നത്. വാക്സിന്റെ 30 കോടി ഡോസ് കേന്ദ്രസർക്കാർ ബുക്ക് ചെയ്തു.
ഇതിനായി 1500 കോടി രൂപ സർക്കാർ കമ്പനിക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. ഭാരത് ബയോടെകിന്‍റെ കോവാക്സിന് ശേഷം പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത വാക്സിനാണിത്.
ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയവളിൽ കമ്പനി വാക്സിൻ നിർമിച്ച് കേന്ദ്രസർക്കാറിന് കൈമാറുമെന്നാണ് റിപ്പോർട്ട്. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസർക്കാർ പ്രതിനിധിയും അറിയിച്ചു. വാക്സിൻ നയത്തിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാറിന്‍റെ പുതിയ നീക്കം.
നിലവിൽ മൂന്ന് വാക്സിനുകൾക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെകിന്‍റെ കോവാക്സിൻ, റഷ്യൻ വാക്സിനായ സ്പുട്നിക് എന്നി വാക്സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഫൈസർ ഉൾപ്പടെയുള്ള വിദേശ വാക്സിൻ നിർമാതാക്കളും കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ട്.