കുവൈത്ത് സിറ്റി:
കൊറോണ വൈറസിൻറെ കൂടുതൽ വകഭേദത്തിന് സാധ്യതയുണ്ടെന്ന് കുവൈത്ത് ആരോഗ്യ ഗവേഷണ സ്ഥാപനമായ ദസ്മൻ ഇൻസ്റ്റിറ്റ്യൂട്ട്. പലതവണ ജനിതക മാറ്റം സംഭവിച്ച വൈറസുകൾ വ്യാപിക്കാൻ സാധ്യതയുണ്ട്. അവയിൽ ചിലത് നേരത്തേയുള്ളതിനേക്കാൾ വേഗത്തിൽ പടരുന്നതും മാരകവും ആകാനും ഇടയുണ്ട്.
ദക്ഷിണാഫ്രിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ രാജ്യങ്ങളിൽ പല തരത്തിൽ മാറ്റം സംഭവിച്ച വൈറസ് പടർന്നേക്കാം. കുത്തിവെപ്പ് വേഗത്തിലാക്കി പരമാവധി പ്രതിരോധശേഷി ജനങ്ങൾക്ക് ഉണ്ടാക്കുക മാത്രമാണ് പരിഹാര മാർഗം.
വൈറസുമായും വാക്സിനുമായും ചികിത്സയുമായും ബന്ധപ്പെട്ട ഗവേഷണങ്ങൾ ഉൗർജിതമാക്കണം. ഗവേഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ രാഷ്ട്രങ്ങളും ശ്രദ്ധിക്കണം. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങൾക്ക് നിർണായ പങ്കുണ്ടെന്നും ദസ്മൻ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.