ദോഹ:
പുതിയ സൗകര്യങ്ങളുമായി ഖത്തറിന്റെ കൊവിഡ് ട്രാക്കിങ് ആപ്പായ ‘ഇഹ്തിറാസ്’ നവീകരിച്ചു. വ്യക്തികളുടെ ഹെൽത്ത് കാർഡ് നമ്പർ, അവസാനമായി കൊവിഡ് പരിശോധന നടത്തിയതിന്റെ തീയ്യതി, ഫലം എന്നീ വിവരങ്ങളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രോഗം മാറിയവരുടെ ഇഹ്തിറാസിൽ രോഗമുക്തി നേടിയതിന്റെ ദിവസവും ഉണ്ടാകും.
എന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന വിവരവും അതിനുശേഷം രോഗമുക്തി നേടിയതുവരെയുള്ള കാലയളവും ആപ്പിൽ പുതുതായി രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കൊവിഡ്മുക്തി നേടി നിശ്ചിതദിവസം കഴിഞ്ഞവർക്കും മാനദണ്ഡങ്ങൾ പാലിച്ചവർക്കും വാക്സിൻ എടുത്തവർക്ക് കിട്ടുന്ന അതേ പരിഗണന പലയിടത്തും ലഭ്യമാകുന്നുണ്ട്.
കൊവിഡ് മുക്തർക്ക് രോഗപ്രതിരോധരോധ ശേഷി നിലനിൽക്കുന്നുണ്ട് എന്ന് പഠനങ്ങളിൽ തെളിഞ്ഞതോടെയാണിത്. ഇതിനാലാണ് രോഗമുക്തരുടെ ആപ്പിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടി ചേർക്കാൻ തുടങ്ങിയത്.അതേസമയം, കൊവിഡ് പരിശോധന ഇതുവരെ നടത്താത്തവരുടെ ഇഹ്തിറാസിൽ ഹെൽത്ത് കാർഡ് വിവരങ്ങൾ ഉണ്ടാവില്ല.
ഒരാൾക്ക് കൊവിഡ് ഉണ്ടോ എന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിെൻറ മൊബൈൽ ആപ്ലിക്കേഷനാണ് ‘ഇഹ്തിറാസ്’. കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്നു. പച്ച, ഗ്രേ, ചുവപ്പ്, മഞ്ഞ വർണങ്ങളിലൂടെയാണ് ആളുകൾക്ക് ഈ ആപ്പ് വിവരങ്ങൾ നൽകുന്നത്. പോസിറ്റിവായ ആൾ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നതോടെയാണിത്.
ആപ്പിന്റെ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന് കൊവിഡ് സംബന്ധിച്ച് അറിയിപ്പ് നൽകുകയാണ് ചെയ്യുക. പച്ച വർണം ഉള്ളയാൾക്ക് കൊവിഡ് ഭീഷണിയില്ല, അയാൾ ആരോഗ്യവാനാണ്. പോസിറ്റിവ് ആയ ആളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പായിരിക്കും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കൊവിഡ് പോസിറ്റിവ് ആണ് എന്നാണർത്ഥം. മഞ്ഞ നിറമുള്ളയാൾ ക്വാറൻറീനിൽ ആണെന്നും സൂചിപ്പിക്കുന്നു.
വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഇഹ്തിറാസ് ബാർകോഡിൻെറ ചുറ്റും സ്വർണനിറം തെളിയും. ബാർകോഡിന് താഴെ ‘COVID19 VACCINATED’ എന്ന സ്റ്റാമ്പിങ്ങും വരും. വാക്സിനുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്ന ‘VACCINATION’ എന്ന പുതിയ വിൻഡോ കൂടി ആപ്പിന്റെ ബാർകോഡിന് മുകളിൽ വലതുഭാഗത്ത് കാണാം.
ആപ്പിൾ ഫോണിൽ ആണെങ്കിൽ ഇത് താഴ്ഭാഗത്തായിരിക്കും. ആദ്യഡോസ് സ്വീകരിച്ചയാൾക്ക് അടുത്ത ഡോസിൻ്റെ സമയം, സ്ഥലം, ദിവസം, ഏത് വാക്സിൻ തുടങ്ങിയ വിവരങ്ങളടക്കം മന്ത്രാലയം അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കും.