Mon. Dec 23rd, 2024
കൊച്ചി:

അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ലക്ഷദ്വീപ് ജനത നിരാഹാരമിരുന്ന് പ്രതിഷേധിക്കും. 12 മണിക്കൂറായിരിക്കും ദ്വീപ് ജനത നിരാഹാരമിരുന്ന് പ്രതിഷേധിക്കുക.

ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടരാനും യോഗം തീരുമാനിച്ചു. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപിലേക്ക് യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ നേരിട്ട് കാണാനും കാര്യങ്ങള്‍ മനസിലാക്കാനുമാണ് സന്ദര്‍ശനം.

എംപിമാര്‍ എട്ടുപേരും കൊവിഡ് വാക്‌സിന്‍ എടുത്തവരാണ്. എല്ലാവരും ദ്വീപില്‍ എത്തുന്നതിനു മുന്‍പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. ഈ സാഹചര്യത്തില്‍ ജൂണ്‍ 5ന് മുന്‍പായി ഇടത് എം പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ദ്വീപ് ഭരണകൂടം അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ അനുമതി നല്‍കാത്തപക്ഷം ശക്തമായ സമരപരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കുമെന്നും സിപിഐഎം കത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യസഭാ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ഡോ വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ലോക് സഭാ എംപി മാരായ തോമസ് ചാഴിക്കാടന്‍, എ. എം ആരിഫ് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

By Divya