ന്യൂഡൽഹി:
രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം തീവ്രമായിരിക്കുമെന്ന് എസ്ബിഐ റിപ്പോർട്ട്. കൊവിഡിന്‍റെ മൂന്നാംതരംഗം ആഞ്ഞടിച്ച മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട്.
രണ്ടാം തരംഗത്തേക്കാൾ തീവ്രമായിരിക്കും മൂന്നാം തരംഗം. അടുത്ത ഘട്ടത്തിൽ 12നും 18നും ഇടയിൽ പ്രായമുള്ളവരിലായിരിക്കും കൊവിഡ് ബാധ രൂക്ഷമാകുകയെന്നും അതിനാൽ വാക്സിനേഷനിൽ അവർക്ക് മുൻഗണന നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്നാംതരംഗം 98 മുതൽ 108 ദിവസം വരെ നീണ്ടുനിൽക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗം നേരിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തുകയാണെങ്കിൽ മരണനിരക്ക് കുറക്കാം. ആരോഗ്യസംവിധാനം വിപുലപ്പെടുത്തുകയും വാക്സിനേഷൻ വേഗത്തിലാക്കുകയും ചെയ്യുകയാണെങ്കിൽ അത്യാസന്ന നിലയിലാകുന്ന രോഗികളുടെ എണ്ണം 20 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറക്കാം.
രണ്ടാംതരംഗത്തിൽ 1.7 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. ഇത് മൂന്നാം തരംഗത്തിൽ 40,000മായി കുറക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത ഘട്ടം കുട്ടികളെ ബാധിക്കുമെന്നതിനാൽ അവർക്ക് വാക്സിനേഷൻ ഉടൻ ആരംഭിക്കണം.
12നും 18നും ഇടയിൽ രാജ്യത്ത് 15 മുതൽ 17 കോടി കുട്ടികളുണ്ട്. അവരെ കണക്കിലെടുത്ത് വാക്സിനേഷൻ വേഗത്തിലാക്കണം. അതിനായി വികസിത രാജ്യങ്ങൾ സ്വീകരിച്ച രീതി പിന്തുടരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.