Sat. Apr 20th, 2024
ന്യൂഡൽഹി:

പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.

സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. യു യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.

പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് നേരത്തെ ഒരു പരിപാടിക്കിടെ വിനോദ് ദുവ പരാമർശിച്ചിരുന്നു. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്. രാജ്യദ്രോഹകുറ്റവും ദുവക്കെതിരെ ചുമത്തിയിരുന്നു.

രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളുൾപ്പെടുന്ന വിധി കേദാർ സിംഗ് കേസിൽ നടത്തിയിരുന്നുവെന്നും വിമർശനം എന്ന പേരി രാജ്യദ്രോഹം ചുമത്താനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്നതിന് വ്യക്തമായ വിധിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്.

By Divya