Wed. Jan 22nd, 2025
ലോര്‍ഡ്‌സ്:

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ താരം ന്യൂസിലന്‍ഡ് അരങ്ങേറ്റക്കാരന്‍ ദേവോണ്‍ കോണ്‍വേയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായാണ് വിഖ്യാത മൈതാനത്ത് കോണ്‍വേ വെള്ളക്കുപ്പായത്തില്‍ വരവറിയിച്ചത്. ഇതിനൊപ്പം ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഗംഭീര റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു ദേവോണ്‍ കോണ്‍വേ.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലോര്‍ഡ്‌സിലെ ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോര്‍ഡാണ് കോണ്‍വേയുടെ പേരിനൊപ്പമെത്തിയത്. ദാദ 1996ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 83-ാം ഓവറില്‍ കോണ്‍വേ വ്യക്തിഗത സ്‌കോര്‍ 132 നില്‍ക്കേ മറികടക്കുകയായിരുന്നു. 301 പന്തില്‍ 20 ബൗണ്ടറികള്‍ സഹിതമായിരുന്നു ഗാംഗുലി 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 131 റണ്‍സ് നേടിയത്.

അരങ്ങേറ്റ ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടുന്ന ആറാം താരം കൂടിയാണ് ദേവോണ്‍ കോണ്‍വേ. 163 പന്തിലാണ് താരം മൂന്നക്കം കണ്ടത്. ഹാരി ഗ്രഹാം, ജോണ്‍ ഹാംഷെയർ, സൗരവ് ഗാംഗുലി, ആന്‍ഡ്രൂ സ്‌ട്രോസ്, മാറ്റ് പ്രയര്‍ എന്നിവരാണ് മുമ്പ് ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ശതകം തികച്ചവര്‍.

സെഞ്ചുറിവീരന്‍ കോണ്‍വേയുടെ കരുത്തില്‍ ന്യൂസിലന്‍ഡ് ആദ്യ ദിനം മേല്‍ക്കൈ നേടിയിരുന്നു. മൂന്ന് വിക്കറ്റിന് 246 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം കിവികള്‍ ബാറ്റിംഗ് പുനരാരംഭിക്കുക. 240 പന്തില്‍ 136* റണ്‍സുമായി ദേവോണ്‍ കോണ്‍വേയും 149 പന്തില്‍ 46* റണ്‍സെടുത്ത് ഹെന്‍‌റി നിക്കോള്‍സുമാണ് ക്രീസില്‍. നാലാം വിക്കറ്റില്‍ ഇരുവരും 132 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഓപ്പണര്‍ ടോം ലാഥം(57 പന്തില്‍ 23), നായകന്‍ കെയ്‌ന്‍ വില്യംസണ്‍(33 പന്തില്‍ 13), റോസ് ടെയ്‌ലര്‍(38 പന്തില്‍ 14) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്‌ടമായത്. ഇംഗ്ലണ്ടിനായി ഓലീ റോബിന്‍സണ്‍ രണ്ടും ജയിംസ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും പിഴുതു.

By Divya