Sat. Nov 23rd, 2024
കോഴിക്കോട്:

ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്‌സീൻ നൽകിയതിനെ തുടർന്നു കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്‌ഥതയുണ്ടെന്നും നിസാർ പറഞ്ഞു.

ചൊവ്വ വൈകിട്ട് മുന്നേകാലോടെ ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് റജിലയും നിസാറും വാക്സീൻ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് എന്തിനെന്ന് അപ്പോൾ തന്നെ ചോദിച്ചിരുന്നെന്ന് നിസാർ പറഞ്ഞു. കുത്തിവയ്പ് എടുത്തതിനു ശേഷം മൂന്നു മണിക്കൂർ അവിടെ നിർത്തിയതിനു ശേഷമാണ് വിട്ടത്.

രണ്ട് ഡോസ്‌ വാക്‌സിൻ എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോൾ അതിനു ആർഎംഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.  വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ കുഴഞ്ഞു വീണ റജിലയെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പക്ഷാഘാതത്തിന്റെ ലക്ഷണമുള്ളതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ അവിടെ നിന്നു നിർദേശിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു തവണ കുത്തിയെങ്കിലും ഒരു തവണ മാത്രമാണ് വാക്‌സീൻ നൽകിയതെന്നാണ് ആയഞ്ചേരി സിഎച്ച്‌സി മെഡിക്കൽ ഓഫിസറിൽ നിന്ന് ലഭിച്ച മറുപടിയെന്നു ഡിഎംഒ ഡോ വി ജയശ്രീ പറഞ്ഞു.

By Divya