Thu. Jan 23rd, 2025
തിരുവനന്തപുരം:

നൂറിലേറെ തടവുകാരെ മോചിപ്പിക്കുന്നതു സർക്കാരിന്റെ സജീവ പരിഗണനയിൽ. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനാണു 3 അംഗ സമിതി ശുപാർശ. ഇതിനൊപ്പം കഴിഞ്ഞ സർക്കാരിന്റെ അവസാന നാളിൽ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്ത 41 തടവുകാരെയും വിട്ടയയ്ക്കും. മന്ത്രിസഭ ശുപാർശ ചെയ്താൽ ഗവർണറാണ് ഉത്തരവു പുറപ്പെടുവിക്കേണ്ടത്.

പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ളത്. കോവിഡ് പടർന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂർണമായി. ഇതോടെ മാനദണ്ഡം അടിസ്ഥാനമാക്കി ജയിൽ വകുപ്പ് പട്ടിക തയാറാക്കി.

ജയിൽ ഉപദേശക സമിതികൾ തള്ളിയവർ ഉൾപ്പെടെ ആദ്യ പട്ടികയിൽ 242 പേർ. പിന്നീടത് 169 പേരായി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവരുടെ സമിതി വീണ്ടും പരിശോധിച്ചു. പട്ടിക 60 പേരുടേതായി ചുരുങ്ങി.

ഒന്നുകിൽ 70 വയസ്സ് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇളവുകൾ സഹിതം 25 വർഷം ശിക്ഷ പൂർത്തിയാക്കിയിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. ഇളവുകൾ ഇല്ലാതെ 23 വർഷം ശിക്ഷ പൂർത്തിയാക്കണം. 75 കഴിഞ്ഞവരാണെങ്കിൽ 14 വർഷം തടവു പൂർത്തിയാക്കണം.

എന്നാൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, ക്വട്ടേഷൻ സംഘങ്ങൾ, സ്ഥിരം കൊലപാതകികൾ, കള്ളക്കടത്തുകാർ, മാനഭംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകൾ, സ്ത്രീധന പീഡനം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർ പട്ടികയിൽ പെടാൻ പാടില്ലെന്ന നിർദേശം സർക്കാർ നൽകിയിരുന്നു. തുടർന്നാണ് ഉന്നത സമിതി പട്ടിക വീണ്ടും പരിശോധിച്ചു ചുരുക്കിയത്.

By Divya