Tue. Nov 5th, 2024
കൊല്‍ക്കത്ത:

പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുറന്ന പോര്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് യോഗത്തില്‍ വൈകിയെത്തിയെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു.

ഡി എം നിയമത്തിലെ സെക്ഷന്‍ 51 (ബി) പ്രകാരം കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നടപടി തെറ്റാണെന്ന് തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന സെക്ഷനാണിത്.

നോട്ടീസ് ലഭിച്ച മൂന്ന് ദിവസത്തിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കില്‍ ബന്ധോപാധ്യയ്ക്ക് എതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ( എന്‍ഡിഎംഎ) ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിന്ന് സ്വയം (ബന്ദോപാധ്യായ) വിട്ടുനിന്നെന്നും, നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നതിന് തുല്യമായ രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും നോട്ടീസില്‍ പറയുന്നു. ഇതിലൂടെ ഡി എം നിയമത്തിലെ സെക്ഷന്‍ 51 (ബി) ലംഘിച്ചതായും നോട്ടീസില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായി കലൈകുണ്ട എയര്‍ഫോഴ്സ് സ്റ്റേഷനില്‍ പ്രധാനമന്ത്രി എത്തിയിരുന്നു. എന്നാല്‍ യോഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അലാപന്‍ ബന്ധോപാധ്യായും 15 മിനിറ്റ് വൈകിയാണ് എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി 1.59 നാണ് എത്തിയതെന്നും പിന്നീട് 2.10 നാണ് മമത എത്തിയെതെന്നുമാണ് കേന്ദ്രം പറയുന്നത്. തുടര്‍ന്ന് യോഗത്തില്‍ എത്തിയ മമതയും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയ ശേഷം 15 മിനിറ്റ് കൊണ്ട് യോഗത്തില്‍ നിന്ന് തിരികെ പോകുകയായിരുന്നു.

എന്നാല്‍ കൂടിക്കാഴ്ചയില്‍ നിന്നും മമതയും ചീഫ് സെക്രട്ടറിയും ഇറങ്ങിപ്പോയത് മോദിയുടെ അനുമതിയില്ലാതെയായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ചിരുന്നു. തിങ്കളാഴ്ച്ച തന്നെ പേഴ്സണല്‍ ട്രെയിനിങ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ കേന്ദ്ര സര്‍വ്വീസില്‍ നിന്ന് അലാപന്‍ ബന്ദോപാധ്യായ രാജി വെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
ചീഫ് സെക്രട്ടറിസ്ഥാനത്തു നിന്ന് അദ്ദേഹം വിരമിച്ചുവെന്നും ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കും അലാപന്‍ ബന്ദോപാധ്യായയെന്നും മമത അറിയിച്ചിരുന്നു.

By Divya