ലക്നോ:
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച രാത്രി വസിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തിക്രി പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.
‘സ്ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ വീടുകളിൽ നിന്ന് ഓടിപ്പോയി. രക്ഷപ്പെട്ടവരെയും മൃതദേഹങ്ങളെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തു. ഏഴുപേർ മരിച്ചതായി പ്രഖ്യാപിച്ചു, മറ്റ് ഏഴ് പേർ ചികിത്സയിലാണ്.
സ്ഥലത്ത് സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫോറൻസിക് വിദഗ്ദ്ധരെയും ബോംബ് സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ട്’ -എസ് പി പറഞ്ഞു.