Thu. Jan 23rd, 2025
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം പോലെ മൂന്നാം തരംഗവും ഗുരുതരമായിരിക്കും. നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ 98 ദിവസമാണ് നീണ്ടുനിന്നത്. രണ്ടാം തരംഗം 108 ദിവസം വരെ നീണ്ടു. രണ്ടാം തരംഗത്തേക്കാള്‍ 1.8 ശതമാനമാണ് മൂന്നാം തരംഗത്തിലുണ്ടായ രോഗവ്യാപനം. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പ്രതിദിന കേസുകളുടെ എണ്ണം 4.14 ലക്ഷം വരെ എത്തിയിരുന്നു. മേയില്‍ 90.3 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മെയ് മൂന്നാം വാരത്തോടെ കേസുകള്‍ കുറഞ്ഞുവന്നു. ഇപ്പോള്‍ പ്രതിദിന കേസുകളുടെ എണ്ണം ഒന്നരലക്ഷത്തില്‍ താഴെയായി. ഏപ്രിലില്‍ 69.4 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

മരണസംഖ്യയും രണ്ടാം തരംഗത്തില്‍ വര്‍ധിച്ചു. 1.7 ലക്ഷം ആളുകളാണ് രണ്ടാം തരംഗത്തില്‍ മരിച്ചത്. വേണ്ടത്ര മുന്‍കരുതല്‍ നടത്തിയാല്‍ മൂന്നാം തരംഗത്തില്‍ മരണസംഖ്യ 40000 ആയി കുറക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നും പറയുന്നു. നിലവില്‍ 12.3 ശതമാനമാണ് സിംഗിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. 3.27 ശതമാനമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

അതിനിടെ മെയ് അവസാനം മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ 8000 ത്തിലധികം കുട്ടികളില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് പിടിമുറുക്കുകയാണോ എന്ന് അധികൃതര്‍ സംശയിച്ചിരുന്നു.

By Divya