തിരുവനന്തപുരം:
ഒരു കോടിയിലേറെപ്പേർക്ക് ഈ മാസം കൊവിഡ് പ്രതിരോധ വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിയെട്ട് ലക്ഷത്തി നാൽപ്പത്തിനാലായിരം ഡോസ് വാക്സീൻ ഈമാസം ലഭ്യമാകും. ഇതിൽ ഇരുപത്തിനാലു ലക്ഷത്തി അൻപത്തിനാലായിരം ഡോസ് കോവിഷീൽഡ് വാക്സീൻ ആണ്.
സംസ്ഥാനങ്ങൾ പ്രത്യേകം ആഗോള ടെൻഡർ വിളിച്ചാൽ വാക്സീൻ വില കൂടാൻ ഇടയുണ്ട്. അതുകൊണ്ട് കേന്ദ്രം ആഗോള ടെൻഡർ വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി.
എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചതാണെന്നും വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരുടേയും കുത്തിവയ്പ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.