ചെന്നൈ:
അണ്ണാഡിഎംകെ തലപ്പത്ത് തിരിച്ചെത്താൻ വികെ ശശികല നടത്തുന്ന അണിയറ നീക്കങ്ങൾക്കു പാർട്ടി കോ ഓർഡിനേറ്റർ ഒ പനീർസെൽവത്തിൻ്റെ മൗനം പിന്തുണയെന്നു സൂചന. പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന രീതിയിൽ ശശികലയുടേതായി പുറത്തുവന്ന ഫോൺ സംഭാഷത്തോടു ഡപ്യൂട്ടി കോ ഓർഡിനേറ്റർ കെപി മുനുസാമി മാത്രമാണു പ്രതികരിച്ചത്.
പാർട്ടിയിൽ തിരിച്ചെത്താമെന്നതു ശശികലയുടെ ദിവാസ്വപ്നം മാത്രമാണെന്ന് നിലവിൽ എടപ്പാടിയോട് അടുപ്പം പുലർത്തുന്ന നേതാവായ അദ്ദേഹം പറഞ്ഞു. ശശികലയ്ക്കും ദിനകരനുമെതിരെ നേരത്തേ രൂക്ഷ വിമർശനമുന്നയിച്ചിരുന്ന നേതാക്കളാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിനെതിരെ ശശികല നൽകിയ ഹർജി 18നു ചെന്നൈ കോടതി പരിഗണിക്കും.
പാർട്ടിയെ രക്ഷിക്കാൻ നേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു കത്തുകളാണു ശശികലയ്ക്കു ലഭിച്ചതെന്ന് അവരുമായി അടുപ്പമുള്ളവർ പറയുന്നു. കത്തെഴുതിയവരിൽ നിന്നു തിരഞ്ഞെടുത്ത നൂറോളം പേരെയാണു ശശികല ഫോണിൽ വിളിച്ചത്. മടങ്ങിവരുന്നു എന്ന വ്യക്തമായ സന്ദേശം പാർട്ടി നേതാക്കൾക്കും അണികൾക്കും നൽകുകയെന്ന ലക്ഷ്യത്തോടെയാണു സംഭാഷണങ്ങൾ പുറത്തുവിട്ടതെന്നാണു വിലയിരുത്തൽ.
10 വർഷത്തിനു ശേഷമുണ്ടായ തോൽവിയിൽ നിന്നു കരകയറാൻ അണ്ണാഡിഎംകെയ്ക്കായിട്ടില്ല. നേതൃത്വത്തിൽ എടപ്പാടി പനീർസെൽവം ഭിന്നത തുടർന്നാൽ ഫലപ്രദമായ പ്രതിപക്ഷ പ്രവർത്തനം സാധ്യമാകില്ലെന്ന ആശങ്ക നേതാക്കൾക്കുണ്ട്.