Wed. Jan 22nd, 2025
കണ്ണൂര്‍:

കണ്ണൂർ മയ്യിലിൽ വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.

രണ്ടര മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ആളില്ലാത്ത സമയത്താണ് പ്രശാന്തൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വിളിച്ചുവരുത്തിയത്. വിദ്യാര്‍ത്ഥിയോട് ലൈംഗീക ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ, കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി.

അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. രണ്ടാഴ്ചകൾക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയെയും ഇയാൾ സമാനമായി പീഡിപ്പിക്കാൻ ശ്രമിച്ചു.

പ്രശാന്തന്‍റെ അതിക്രമങ്ങൾ അറിഞ്ഞ നാട്ടുകാരനാണ് ചൈൽഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് മയ്യിൽ പൊലീസ് പ്രശാന്തനെതിരെ പോക്സോ കേസ് എടുത്തത്.

ഇതോടെ പ്രശാന്തൻ ഒളിവിൽ പോയി. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള പ്രശാന്തൻ നിർമ്മാണതൊഴിലാളിയാണ്. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.

By Divya