Wed. Jan 22nd, 2025
ന്യൂഡൽഹി:

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‍ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകാൻ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ലീഗ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ഫയൽ ചെയ്യും.

വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.

ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികളുടെ അപേക്ഷകളാണ് കേന്ദ്രം ക്ഷണിച്ചത്. 1955ലെ പൗരത്വ നിയമപ്രകാരം 2009ൽ രൂപീകരിച്ച ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടികള്‍. 2019ൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല.

അഭയാർത്ഥികള്‍ നല്‍കുന്ന അപേക്ഷകള്‍ അതതു ജില്ലാ കലക്ടര്‍മാര്‍ സമയബന്ധിതമായി പരിശോധിക്കണമെന്നും ഇവ ഓൺലൈൻ പോര്‍ട്ടൽ വഴി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെട്ടാൽ രജിസ്ട്രേഷൻ വഴിയോ നാച്വറലൈസേഷൻ വഴിയോ പൗരത്വം അനുവദിക്കണമെന്നും ഈ സര്‍ട്ടിഫിക്കറ്റിൽ കലക്ടറോ ആഭ്യന്തര സെക്രട്ടറിയോ ഒപ്പുവെക്കണമെന്നുമാണ് നിര്‍ദേശം.

By Divya