ജിദ്ദ:
റെഡ്സീ വികസന കമ്പനിക്ക് കീഴിൽ കുടിവെള്ള ഉല്പാദന പ്ലാൻറ് ഉദ്ഘാടനം ചെയ്തു. പൂർണമായും സോളാർ, കാറ്റ് ഊർജം ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന ആദ്യത്തെ ശുദ്ധജല പ്ലാൻറ് ആണ് ചെങ്കടൽ തീരത്ത് റെഡ്സീ കമ്പനി ആരംഭിച്ചിരിക്കുന്നത്. കാർബൺ ഉദ്വമനം കുറച്ച് പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം വിഷൻ 2030 ആവശ്യപ്പെടുന്നതനുസരിച്ച് വൈവിധ്യമാർന്ന സൗദി ഉല്പന്നങ്ങൾക്ക് പിന്തുണ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജലശുദ്ധീകരണ രംഗത്ത് അറിയപ്പെടുന്ന ‘സോഴ്സ് ഗ്ലോബൽ’ എന്ന കമ്പനിയുമായി സഹകരിച്ചാണ് വേറിട്ട പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് റെഡ്സീ കമ്പനി വക്താവ് എൻജിനീയർ അഹ്മദ് ഗാസി ദർവേശ് പറഞ്ഞു. വിനോദ സഞ്ചാരികളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്നതാണ്.
പ്രതിവർഷം 330 മില്ലിലിറ്റർ ശേഷിയുള്ള 20 ലക്ഷം കുപ്പിവെള്ളം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻറ് പൂർണമായും സോളാർ സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ പ്രതിവർഷം 3,00,000 കുപ്പി വെള്ളം വരെ ഉൽപാദിപ്പിക്കാനാകും.
പുനരുപയോഗിക്കാവുന്ന ഗ്ലാസ് കൊണ്ടുള്ള കുപ്പികളിലായിരിക്കും വെള്ളം നിറക്കുക. ഗ്ലാസ് കുപ്പിയിൽ വെള്ളമൊരുക്കുന്നതിലൂടെ കാർബൻ കുറച്ചുകൊണ്ടുവരാനും പ്ലാസ്റ്റിക് ബോട്ടിലുകൾ ഇല്ലാതാക്കാനും കഴിയുമെന്നും വക്താവ് പറഞ്ഞു.