Mon. Dec 23rd, 2024
കൊച്ചി:

പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകൾ സഹകരണ സ്ഥാപനങ്ങൾക്കു മാത്രം അനുവദിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഉത്തരവ് പ്രകാരം പുതിയ കോളജുകൾ തുടങ്ങാൻ സഹകരണ മേഖലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചുള്ള കണ്ണൂർ സർവകലാശാലയുടെ വിജ്ഞാപനവും കോടതി റദ്ദാക്കി.

കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് അനിൽ. കെ നരേന്ദ്രന്റെ വിധി. ഹർജിക്കാർ രണ്ടാഴ്ചയ്ക്കകം പുതിയ കോളജിന് അപേക്ഷ നൽകണമെന്നും ഇതു പരിഗണിച്ച് നിയമാനുസൃതം സർവകലാശാല തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

സർക്കാരിന്റെ ഉത്തരവ് സർവകലാശാലകളുടെ അധികാരം മറികടക്കുന്നതാണെന്നു കോടതി വിലയിരുത്തി. ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതി/തൊഴിൽ അവകാശങ്ങളുടെ നിഷേധവുമാണ്. പുതിയ സ്വാശ്രയ കോളജുകൾ സഹകരണ മേഖലയ്ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

അഫിലിയേഷനിൽ സർവകലാശാലകൾക്കുള്ള അധികാരത്തിൽ സർക്കാർ ഇടപെടുന്നതു നിയമപരമല്ലെന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുണ്ട്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എടുത്ത നയ തീരുമാനമാണിതെന്നു സർക്കാർ വാദിച്ചു.

By Divya