Fri. Apr 26th, 2024
ന്യൂഡൽഹി:

ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസിന്റെ കൊവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ് സ്ഥാനപതി സുൻ വെയ്ഡോങ് ട്വീറ്റ് ചെയ്തു.

റെഡ്ക്രോസ് സൊസൈറ്റിയാണ് ഇവ എത്തിച്ചത്. ചൈനീസ് റെഡ്ക്രോസ് സൊസൈറ്റി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് 10 ലക്ഷം ഡോളർ സാമ്പത്തിക സഹായവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകിയോ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

കിഴക്കൻ ലഡാക്കിൽ ചൈന ആക്രമണം നടത്തിയതിനെത്തുടർന്ന് ആ രാജ്യത്തു നിന്നുള്ള ഇറക്കുമതിക്കും മറ്റും ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ നേരത്തേ, വിവിധ രാജ്യങ്ങളിൽ നിന്ന് റെംഡെസിവിർ മരുന്നും ഓക്സിജൻ പ്ലാന്റുകളും കോൺസൻട്രേറ്ററുകളും മറ്റും ഇന്ത്യ സ്വീകരിച്ചു വിവിധ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് സഹായ സന്നദ്ധത അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചു. കൊവിഡ് മഹാമാരിക്കും അതിർത്തിയിലെ സംഘർഷത്തിനും ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കൾക്കിടയിൽ ആശയവിനിമയം നടക്കുന്നത്. അതിനു പിന്നാലെ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

By Divya