Sun. Jan 19th, 2025
തിരുവനന്തപുരം:

കേരളത്തിന് വാക്‌സിന്‍ കിട്ടാന്‍ വൈകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളം ഇപ്പോള്‍ ബുക്ക് ചെയ്താലും കുറച്ച് മാസങ്ങള്‍ കാത്തിരിക്കണമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു. മാസം ആറ് കോടി വാക്‌സിന്‍ മാത്രമാണ് നിലവിലെ ഉത്പാദനശേഷിയെന്നും കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കും ഈ കാലതാമസം നേരിടേണ്ടിവരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.

പ്ലാന്റില്‍ നിലവില്‍ ഉത്പാദനത്തിലുള്ളത് രണ്ടാംഘട്ട കരാര്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ട 11 കോടി ഡോസ് വാക്‌സിനാണ് എന്നതാണ് വൈകലിന് കാരണമെന്നും വിവരമുണ്ട്. നിലവിലെ അവസ്ഥയില്‍ വാക്‌സിനായി ഓഗസ്റ്റ് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വരും. ഓഗസ്റ്റിലും ആവശ്യപ്പെട്ടതില്‍ ചെറിയൊരു ശതമാനം മാത്രമേ ആദ്യഘട്ടത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ.

സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വാക്‌സിന്റെ ഉത്പാദനം ആരംഭിച്ചിട്ടില്ല. കൂടാതെ പുതുതായി നിര്‍മിക്കുന്ന ഓരോ ബാച്ച് വാക്‌സിന്റെയും സാംപിളുകള്‍ ഹിമാചല്‍ പ്രദേശിലെ കസൗലി സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബോറട്ടറിയില്‍(സിഡി എല്‍) ഗുണനിലവാര പരിശോധന നടത്തി അംഗീകാരം ലഭിച്ചാലേ വിതരണം ചെയ്യാനാകൂ.

ഭാരത് ബയോടെക്കിന്റെ ഉത്പാദനശേഷി ഇതിലും വളരെയധികം കുറവാണ്. അതുകൊണ്ടു തന്നെ കോവാക്‌സീന്‍ ലഭ്യമാക്കി ഈ കുറവ് പരിഹരിക്കുക എന്നതും ശ്രമകരമാണ്.

By Divya