Fri. Apr 19th, 2024
ജറുസലം:

ഇസ്രായേലിൽ ജൂത തീർത്ഥാടന കേന്ദ്രത്തിലെ പരമ്പരാഗത ആഘോഷ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം. 103ലധികം പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച അർധരാത്രി വടക്കൻ ഇസ്രായേലിലെ മെറോൺ പർവതത്തിലാണ് അപകടമുണ്ടായത്.

തീവ്ര ഒാർത്തഡോക്സ് ജൂതന്മാർ സ്ഥലപരിമിതിയുള്ള മെറോൺ പർവതത്തിൽ ഒരു ലക്ഷത്തിലധികം പേർ ഒത്തുകൂടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. പർവതത്തിലേക്കുള്ള വീതി കുറഞ്ഞ വഴിയിലെ വൻ ജനക്കൂട്ടത്തിൽപ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് പലരും മരിച്ചത്. കൊവിഡ് നിയന്ത്രണം നീക്കിയ ശേഷം രാജ്യത്ത് നടക്കുന്ന പ്രധാന ആഘോഷമാണിത്.

രണ്ടാം നൂറ്റാണ്ടിൽ മരണപ്പെട്ട ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമോൻ ബാർ യോച്ചായിക്ക് ആദരമർപ്പിക്കാനായാണ് തീവ്ര ഓർത്തഡോക്സ് വിഭാഗക്കാർ അടക്കമുള്ള പതിനായിരക്കണക്കിന് ജൂതന്മാർ മെറോൺ പർവതത്തിൽ ഒത്തുചേരുന്നത്. രാത്രി മുഴുവൻ ദീപം തെളിയിച്ച് പ്രാർത്ഥന, ഗാനാലാപനം, നൃത്തം എന്നിവ നടത്തുന്നതാണ് ഇവിടത്തെ പരമ്പരാഗത ആഘോഷം.

By Divya