കൊച്ചി:
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമർശനം. പി എസ് സരിത്തിനും സന്ദീപ് നായർക്കും ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിലാണ് പ്രതിക്കെതിരായ തെളിവ് എവിടെയെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചത്.
21-ാമത്തെ തവണ സ്വർണം കടത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയതെന്ന് പറയുന്നു. മുമ്പ് 20 തവണ സ്വർണം കടത്തിയെന്നും പറയുന്നു. എന്നാൽ, ഇതെല്ലാം പ്രതികളുടെ കുറ്റസമ്മത മൊഴികളാണ്.
ഈ മൊഴികൾ കസ്റ്റഡിയിലുള്ളപ്പോഴോ അല്ലാത്തെയോ ലഭിച്ചതാണ്. ഇതല്ലാതെ മറ്റെന്തെങ്കിലും രേഖകളോ തെളിവുകളോ ലഭിച്ചിട്ടുണ്ടോ എന്നും ഇ ഡിയോട് കോടതി ചോദിച്ചതായി ഉത്തരവിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് ബുധനാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ഒന്നും നാലും പ്രതികളായ പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്